ക്ഷേത്ര മാഹാത്മ്യം

     അവതാര പുരുഷനായ പരശുരാമനാല്‍ സ്ഥാപിതമായ നാലു താന്ത്രിക മാന്ത്രിക ബ്രാഹ്മണ സമ്പ്രദായങ്ങളില്‍പെട്ട മഠങ്ങളാണ് അടിയേരി, പുല്ലഞ്ചേരി, കാളകാട്ട്‌, കാട്ടുമാടം എന്നിവ. ഈ നാലു സ്ഥലങ്ങളിലും മുപ്പത്തിയൊമ്പതോളം – ഒന്ന് കുറവ് നാല്‍പത് എന്നറിയപ്പെടുന്നു – ഉപാസനാ മൂര്‍ത്തികളെ സ്ഥാനം നല്‍കി ആരാധിച്ചു വരുന്നു. പ്രധാന ദേവതാ സ്ഥാനത്ത് അടിയേരിയില്‍ ഉച്ചിട്ട ഭഗവതിയും പുല്ലഞ്ചേരിയില്‍ ഭൈരവനും കാളകാട്ട് കുട്ടിച്ചാത്തനും കാട്ടുമാടത്ത് കരുവാൾ ഭാഗവതിയുമാണ്. വടക്കേ മലബാറില് പ്രസിദ്ധമായ ഈ മഠങ്ങളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്നതും നൂറ്റാണ്ടുകളുടെ ചരിത്ര ഗരിമ നിറഞ്ഞു നില്‍ക്കുന്നതുമാണ് അടിയേരിമഠം ബ്രഹ്മസ്ഥാനം.

     സര്‍വ്വൈശ്വര്യദായിനിയായ ശ്രീപാർവ്വതി ദേവി ഉച്ചിട്ട ഭഗവതിയായി അവതാരമെടുത്ത സ്ഥലമാണ്‌ പരമപവിത്രമായ ശ്രീ അടിയേരിമഠം. സുഖപ്രസവത്തിനു തുണയരുളുന്ന ചൈതന്യസ്വരൂപിണി കൂടിയായ ഈ ദേവിയെ ‘അടിയേരിമഠത്തില്‍ ഉച്ചിട്ടയമ്മ’ എന്നാണ് വിളിച്ചുവരുന്നത്‌. ഭൂലോക മാതാവായി നിത്യപ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന അന്നദാനേശ്വരിയായ ശ്രീ ദുര്‍ഗ്ഗാഭഗവതിയുടെ ആത്മചൈതന്യം നിറഞ്ഞു നിൽക്കുന്നതും, ഉഗ്രമൂര്‍ത്തികളായ മന്ത്രമൂര്‍ത്തികളെ മനുഷ്യാലയ സമ്പ്രദായത്തില്‍ പൂജിച്ച് ആരാധിക്കുന്നതുമായ അപൂര്‍വ്വ സ്ഥാനമാണ് ശ്രീ അടിയേരിമഠം.

  ദേശവാസികള്‍ക്ക് ഉത്സവത്തിന്റെ പൂരമാണ്‌ പണ്ടുകാലങ്ങളിൽ അടിയേരിയിലെ തെയ്യം. നൂറിലധികം തെയ്യങ്ങൾ അടിയേരി തിരുമുറ്റത്ത്‌ കെട്ടിയാടിയിരുന്നുവത്രേ. തെയ്യങ്ങളുടെ തറവാടാണ് അടിയേരിമഠം എന്ന് പറയാം. “ദേവതാ ചൈതന്യമുള്ള വൈഷ്ണവ ശിവ ശക്ത്യാദി - ഒന്ന് കുറവ് നാല്‍പതു ദൈവക്കോലങ്ങള്‍ കെട്ടിയാടുമ്പോള്‍ ഏതൊരു കോലധാരിയും ഉപാസനയിൽകൂടി ധ്യാനിച്ചും ജപിച്ചും അടിയേരി സമ്പ്രദായത്തെ സദാ സ്മരിച്ചും ദേവചൈതന്യത്തെ തന്നിലേക്ക് ആവേഗം ചെയ്തു വരുത്തണം” എന്ന് കോട്ടയകത്ത്‌ ആചാര്യന്‍ ചന്തു അദ്ദേഹത്തിന്റെ ‘ദേവധാരണം’ എന്ന പ്രാചീന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. ഇന്നും അടിയേരി സമ്പ്രദായത്തെ വന്ദന സ്തുതികളിലൂടെ സ്മരിച്ചതിനു ശേഷം മാത്രമേ ഏതു സ്ഥലത്തും ദേവരൂപങ്ങള്‍ കെട്ടിയാടുകയുള്ളൂ. ഇതില്‍ നിന്നും അടിയേരിയുടെ അതിവിശിഷ്ട സ്ഥാനം വ്യക്തമാകുന്നു. വടക്കെമലബാറില് കെട്ടിയാടുന്ന ദേവരൂപങ്ങളുടെ സാമ്പ്രദായിക ചിട്ടകളിലും കര്‍മ്മങ്ങളിലും നൃത്തങ്ങളിലും ഇന്ന് ആരാധിച്ചു വരുന്നതും കർമ്മാനുഷ്ഠാനങ്ങളിൽ പവിത്രമായി ഇന്നുവരെ എല്ലാവരും പഠിച്ചും പ്രവര്‍ത്തിച്ചും ഉപദേശിച്ചു കൊടുക്കുന്ന ചിട്ടകളാണ് അടിയേരി സമ്പ്രദായം. ക്ഷേത്ര അനുഷ്ഠാനം ഏതുകാലം വരെ ഉണ്ടോ അക്കാലം വരെയും ഈ സമ്പ്രദായം നിലനില്‍ക്കും എന്നാണ് ആചാര്യ വചനം.

       ഈ ദേശത്തെയും മറുദേശത്തെയും നിരവധി ക്ഷേത്രങ്ങളുടെ ആരൂഡസ്ഥാനവും ഊരയ്മയും അടിയേരിക്കുണ്ട്. വടക്കെമലബാറിലെ പ്രസിദ്ധമായ മാമാനിക്കുന്ന്‌ മഹാദേവി ക്ഷേത്രം, കൂത്തുപറമ്പ്‌ ആമ്പിലാട്‌ ശ്രീ തിരുവഞ്ചേരിക്കാവ്‌ (ശ്രീ വാഴും ചേരി) ഭഗവതി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ പൂര്‍വ്വിക ആചാര്യസ്ഥാനവും തലശ്ശേരി ചേറ്റംകുന്ന്‌ ശ്രീ മഠത്തില്‍ ഭഗവതി ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളുടെ ആരൂഡസ്ഥാനവും അടിയേരിയാണ്‌. മാമാനിക്കുന്ന്‌ മഹാദേവി ക്ഷേത്രത്തിലെ ദര്‍ശനം പൂര്‍ത്തിയാവുന്നത്‌ അടിയേരിമഠത്തിലെ ദര്‍ശനത്തോടെയാണ്‌ എന്നാണ്‌ സങ്കല്‍പം.അടിയേരിയെ സ്മരിച്ചതിനു ശേഷം മാത്രമേ ഇന്നും മാമാനിക്കുന്ന്‌ ക്ഷേത്രത്തിൽ ഏതു പ്രധാന ചടങ്ങും ആരംഭിക്കുകയുള്ളൂ. കൂടാതെ പ്രസിദ്ധമായ ശ്രീ മുണ്ടയാംപറമ്പ് തറക്ക്മീത്തല്‍ ഭഗവതി ക്ഷേത്രവുമായും അടിയേരിമഠത്തിന് ബന്ധമുണ്ട്. അവിടെ ദര്‍ശനം നടത്തിയിരുന്നവർ ഇവിടെയും ദര്‍ശനം നടത്തുക പതിവായിരുന്നുവത്രേ.

      അടിയേരിമഠത്തിലെ ക്ഷിപ്രപ്രസാദികളും ഉഗ്രമൂത്തികളുമായ ഉപാസനാ മൂര്‍ത്തികളെ ആചാര്യ പരമ്പരയിലെ ഒടുവിലത്തെ ആചാര്യൻ യഥാവിധി പൂജിച്ച്‌ ആരാധിക്കാതിരുന്നതിനാൽ വംശം നശിക്കുകയും മന്ത്രമൂര്‍ത്തികളെ ഉപാസിക്കുന്ന ഇവിടെ ഭയാക്രാന്തമായ നിഗൂഡതകളാല്‍ ആരും പ്രവേശിക്കാതാവുകയും ഈ മഠം കാടുകയറി നശിക്കുകയും ചെയ്തുവെന്നാണ് പഴമക്കാരുടെ വിശ്വാസം. അടിയേരി ഒഴികെ മറ്റു മൂന്നു മഠങ്ങളും വംശപരമ്പരയായി ഇന്നും അതിന്റെ തനിമ നിലനിര്‍ത്തിപോരുന്നു.

     “കാവുകളുടെ കാവ്” എന്ന സ്ഥാനത്തുള്ള ഇവിടുത്തെ മഹാകളിയാട്ടം “കളിയാട്ടങ്ങളുടെ കളിയാട്ടമായാണ്” കരുതപ്പെടുന്നത്. അടിയേരിയിലെ മഹാകളിയാട്ടം 141 വര്‍ഷങ്ങളായി മുടങ്ങിയത് 2013 മാര്‍ച്ച്‌ 22 (1118 മീനം 8) മുതല്‍ 3 ദിവസം സാമ്പ്രദായികമായി നടത്തുകയുണ്ടായി. ആയതിന്റെ മുന്നോടിയായി 2013 ജനുവരി 7 മുതല്‍ 10 വരെ (1118 ധനു 23 മുതല്‍ 26 വരെ) ചരിത്രത്തിലാദ്യമായി പുല്ലഞ്ചേരി, കാളകാട്ട്, കാട്ടുമാടം സാമ്പ്രദായിക ആചാര്യന്മാര്‍ (ബ്രഹ്മശ്രീ പുല്ലഞ്ചേരി ഇല്ലത്ത് വിഷ്ണു നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ കാളകാട്ട് ഇല്ലത്ത് മധുസൂദനന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ കാട്ടുമാടം ഇല്ലത്ത് ഈശാനന്‍ നമ്പൂതിരിപ്പാട്) അടിയേരിയില്‍ സംഗമിച്ചു പാരമ്പര്യ വിശേഷാല്‍ പൂജകളും അപൂര്‍വ്വമായ ഹോമാദികര്‍മ്മങ്ങളും നടത്തി ഈ പുണ്യഭൂമിയെ കൂടുതല്‍ പവിത്രമാക്കുകയുണ്ടായി.