ഐതിഹ്യം

    ഐതിഹ്യങ്ങളുടെ താളിയോലകൾ തുറക്കുമ്പോള്‍ പറഞ്ഞാല്‍ തീരാത്ത പെരുമകള്‍ അടിയേരിമഠത്തെക്കുറിച്ചുള്ളതായി കാണാം. അനേക കാലങ്ങള്‍ക്ക് മുന്‍പ് കർമ്മദോഷങ്ങൾ കനല്‍മഴയായി പെയ്തിറങ്ങിയ അടിയേരിയിൽ താവഴി കുറ്റിയറ്റുപോകുംവിധം സന്താനങ്ങള്‍ പിറക്കാതെയായി. ഭജനയും പൂജയും താന്ത്രിക മാന്ത്രിക കര്‍മ്മങ്ങളും ഒരുപാട് നടത്തിയിട്ടും ഫലമില്ലാത്തതിനാൽ ഇവിടുത്തെ അന്തര്‍ജ്ജനം വിഷ്ണുഭഗവാനെ ഉപാസിക്കുകയും ഭഗവാന്‍റെ അനുഗ്രഹത്താല്‍ ഒരു പെണ്‍കുഞ്ഞു പിറക്കുകയും ചെയ്തു. കംസന്റെ കാരാഗൃഹത്തില്‍ വസുദേവര്‍ക്കും ദേവകിക്കും ഏഴാമതായി പിറന്ന പെണ്‍കുഞ്ഞിനെ കംസന്‍ പാറയില്‍ അടിച്ചു നിഗ്രഹിക്കാൻ ഒരുങ്ങിയപ്പോള്‍ കംസനെ ശപിച്ച്‌ ഉച്ചത്തില്‍ അട്ടഹസിച്ചുകൊണ്ട് മായാലോകത്ത് മറഞ്ഞുപോയ ദേവീ ചൈതന്യമാണത്രേ ഇല്ലത്ത് പെൺകുഞ്ഞായി പിറന്നത്‌... കൃഷ്ണ ഭഗവാന്‍റെ സഹോദരി സ്ഥാനമുള്ള മായാദേവി ഉച്ചിട്ട ഭഗവതിയായി (ഉച്ചത്തില്‍ അട്ടഹസിച്ച ഭഗവതി) അടിയേരിയില്‍ അവതരിച്ചുവെന്ന് ഐതിഹ്യം.

     സർവ്വൈശ്വര്യ പ്രദായിനിയാണ് അമ്മ ഉച്ചിട്ടഭഗവതി. പുത്രകാംക്ഷികള് ഉള്ളുരുകി പ്രാർത്ഥിച്ചാൽ സത്പുത്രന്മാരെ നല്കി ആശിർവദിക്കും ഉച്ചിട്ടമ്മ. ജീവാത്മാവിനും പരമാത്മാവിനും മദ്ധ്യേ യോഗമായാദേവിയായി ആവിർഭവിച്ച്, സൃഷ്ടി -സ്ഥിതി-സംഹാര കർമ്മങ്ങൾക്ക് ത്രിമൂർത്തികൾക്ക് കരുത്തായി നിൽക്കുന്നു ദേവി. ഒരിക്കൽ ശ്രീമഹാദേവൻ കോപിച്ചപ്പോൾ മൂന്നാം തൃക്കണ്ണിൽനിന്നും അഗ്നിജ്വാലകളുതിർന്നു. ആ അഗ്നിപ്രളയത്തിൽ പ്രപഞ്ചം മുഴുവൻ കത്തിദഹിച്ചുപോകുമെന്ന അവസ്ഥ സംജാതമായി. ബ്രഹ്മ-വിഷ്ണു ദേവന്മാരും നാരദ-വ്യാസാദി മഹാമുനികളും ഇന്ദ്ര-ചന്ദ്രാദി ദേവവൃന്ദവും വിശ്വരക്ഷാർത്ഥം ലോകമാതാവാം പാർവ്വതി ദേവിയെ തൊഴുതുപ്രാർത്ഥിച്ചു. അപ്പോൾ മാതാവ്, ദേവാദിദേവന്റെ തിരുമിഴിയിൽ നിന്നുണ്ടായ തീക്കനലിലിരുന്ന് ആ അഗ്നിജ്വാലകളെ അണച്ചത്രെ. ഈ പുരാവൃത്തം ദേവിയുടെ മേലേരി പ്രവേശനത്തിന് ആധാരമായിനിൽക്കുന്നു. ഒടുവിൽ മലനാട്ടിൽ ഉദയംചെയ്ത് കല്യാണഗാത്രിയായി, അടിയേരി മഠത്തിൽ ഇരിക്കാൻ പീഠവും പിടിപ്പാൻ ആയുധവും കയ്യേറ്റ് മന്ത്രകർമ്മങ്ങൾക്ക് പിൻബലമേകി മന്ത്രമൂർത്തിയായി, ധർമ്മദൈവമായി മാലോകർക്ക് മംഗളമേകുന്നു അടിയേരിമഠത്തിൽ ഉച്ചിട്ട ഭഗവതി.

     അഗ്നി ദേവന്റെ ജ്യോതിസ്സില് നിന്നും അടര്ന്നു വീണ കനല് ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില് ചെന്ന് വീണു. അതില് നിന്നും ദിവ്യജ്യോതിസ്സോട് കൂടി സുന്ദരിയായ ദേവിയുണ്ടായി. ആ ദേവിയെ ബ്രഹ്മദേവൻ അവിടെ നിന്നും കാമദേവൻ വഴി മഹാദേവന് സമര്പ്പിച്ചു എന്നും പിന്നീട് ഭൂമിദേവിയുടെ അപേക്ഷപ്രകാരം ദേവി ശിഷ്ടജന പരിപാലനാര്ത്ഥം  അടിയേരിയിൽ അവതരിച്ചുവെന്നുമാണ് വേറൊരു ഐതിഹ്യം. അഗ്നിപുത്രി ആയതുകൊണ്ട് തീയില് ഇരിക്കുകയും കിടക്കുകയും തീകനല് വാരി കളിക്കുകയും ചെയ്യുന്നത്. തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകളുടെ ഇഷ്ട ദേവിയാണ്. മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും ഗൃഹങ്ങളിലും വിശേഷാല് കെട്ടിയാടിക്കുന്ന തെയ്യക്കോലമാണ് ഉച്ചിട്ട ഭഗവതിയുടെത്.

     അടിയേരി തിരുനടയിലെത്തി പ്രാര്‍ത്ഥിച്ചിരുന്ന ഭക്തര്‍ക്ക്‌ എല്ലാ അനുഗ്രഹങ്ങളും പ്രത്യേകിച്ച് മംഗല്യ ഭാഗ്യവും, സന്താന സൗഭാഗ്യവും സിദ്ധിച്ചിരുന്നതായി പഴമക്കാര് സാക്ഷ്യപ്പെടുത്തുന്നു. അനപത്യ ദുഃഖമനുഭവിച്ചിരുന്ന ഒരു കുടക് ദേശവാസി ഇവിടെ ഭജനയിരുന്നുവെന്നും അതിന്റെ ഫലമായി സന്താന സൗഭാഗ്യം സിദ്ധിക്കുകയും ദേവപ്രീതി നേടിയ അവര് ഇവിടുത്തെ തകര്‍ന്നിരുന്ന ക്ഷേത്രക്കുളം ശില്പ ഭംഗിയോടുകൂടി പുനര്‍നിര്‍മ്മിച്ചു സമര്‍പ്പിച്ചുവെന്നും ഐതിഹ്യമുണ്ട്.

     താന്ത്രിക മാന്ത്രിക കര്‍മ്മങ്ങളില്‍ നിപുണനായിരുന്ന ഇവിടുത്തെ ആചാര്യന്‍ കുമ്പള ദേശത്ത് നിന്നും അവിടുത്തെ പേടിസ്വപ്നമായിരുന്ന ചാമുണ്ടിയെ ബന്ധിച്ച്‌ കൊണ്ടുവന്ന് പ്ലാവ് മരത്തിൽ ബന്ധിക്കുകയും ശേഷം ചെമ്പുകുടത്തില്‍ ആവാഹിച്ച്‌ മഠത്തിനു തൊട്ടടുത്ത്‌ തന്നെ സ്ഥാനം നല്‍കി കുടിയിരുത്തുകയും ചെയ്തുവെന്നും പറഞ്ഞുവരുന്നു. ഇവിടെ കുമ്പള ചാമുണ്ടി (മൂവാളംകുഴി ചാമുണ്ടി) എന്ന പേരിൽ അറിയപ്പെടുന്ന ഈ ദേവതയ്ക്ക് യഥാവിധി സ്ഥാനം നൽകി ആരാധിച്ചു വരുന്നു. "നാലു നാട്ടിൽ ഏഴു സ്ഥാനത്തും എണ്ണിയാലൊന്നെന്നു ചൊല്ലേണ്ടും അടിയേരിമഠത്തിലും ദേവി പീ0മിട്ടിരുന്നു" എന്ന്  ഈ ദേവതയുടെ ഐതീഹ്യത്തിൽ പറയുന്നുമുണ്ട്.

   പണ്ട് ഒരിക്കൽ ഇവിടുത്തെ ആചാര്യൻ കോട്ടയം രാജാവിന്റെ അഭ്യർത്ഥന പ്രകാരം അവിടെ വിശേഷാൽ ഹോമങ്ങൾ നടത്തുകയും തിരിച്ചുവരാൻനേരം ഹോമകുണ്ഡത്തിലെ തീക്കനൽ എന്തു ചെയ്യുമെന്ന് രാജാവ് ചോദിച്ചപ്പോൾ തെല്ലും ആശങ്കപ്പെടാതെ ചുട്ടുപഴുത്ത തീക്കനൽ തന്റെ ഉത്തരീയത്തിൽ വാരിയെടുത്തു കൊണ്ടുവന്നുവെന്നും പറഞ്ഞു വരുന്നു.

     ഈ മഠത്തിന്‍റെ വസ്തുക്കള്‍ അപഹരിക്കുന്നവര്‍ക്ക്‌ ഇവിടുന്ന്‌ പുറത്തുപോകാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നതായി പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. വടക്കേ മലബാറില്‍ പണ്ടുമുതല്‍ക്കെ പ്രചാരമുള്ളതും പഴമക്കാരുടെ നാവിന്‍ തുമ്പില്‍ ഇന്നും തത്തിക്കള്ളിക്കുന്നതുമായ പഴമൊഴിയാണ്‌ “അടിയേരിമഠത്തില്‍ നിന്നും കട്ടതു പോലെ” എന്നത് (മോഷ്ടാവിനെ പുറത്തു വിടാതെ മന്ത്ര ശക്തികളാല്‍ വട്ടം ചുറ്റിക്കുന്ന അവസ്ഥ).