തിറയാട്ടം

     കളിയാട്ടമാണ് ഇവിടുത്തെ പ്രധാന ഉത്സവം.പണ്ട് ഇവിടെ ഒന്ന് കുറവ് നാല്പത് എന്നറിയപ്പെടുന്ന 39 ദേവ രൂപങ്ങളും അവയുടെ ഉപവിഭാഗങ്ങളുമായി നൂറുകണക്കിന് തെയ്യങ്ങൾ കെട്ടിയാടിച്ചിരുന്നുവെങ്കിലും അവ എല്ലാം ഇപ്പോള്‍ നടത്തുന്നത് സാധ്യമല്ലാത്തതിനാല്‍ ഏറ്റവും പ്രധാനപ്പെട്ട ഉച്ചിട്ട ഭഗവതി, ഭൈരവന്‍, കുട്ടിച്ചാത്തന്‍, കരുവാള്‍ ഭഗവതി, ഗുളികന്‍, രക്തച്ചാമുണ്ടി, തേവര്‍ചാത്തന്‍, മൂവാളംകുഴി ചാമുണ്ടി, ഘണ്ടാകര്‍ണ്ണന്‍ എന്നീ 9 തെയ്യങ്ങളാണ് ഇപ്പോള്‍ കെട്ടിയാടിക്കുവാൻ നിശ്ചയിച്ചിരിക്കുന്നത്. (നാലുകെട്ട് നിർമ്മിച്ച് പുന:പതിഷ്ഠാകർമ്മം കഴിഞ്ഞതിനു ശേഷം കളിയാട്ടം സംബന്ധിച്ച് ആലോചിക്കുന്നതാണ്)

     പുല്ലഞ്ചേരി സമ്പ്രദായം, കോട്ടയം കോവിലകം പ്രതിനിധി, കോട്ടയം വാക്ക എന്നിവരുടെ സാന്നിദ്ധ്യത്തിലും നിര്‍ദ്ദേശപ്രകാരവുമാണ് ഇവിടെ കളിയാട്ടം നടത്തുന്നത്. അടിയേരി ഉള്‍പ്പെടുന്ന പ്രാട്ടര (പ്രാരാഷ്ട്രം) പ്രദേശത്ത്‌ ദേവ രൂപങ്ങളുടെ കെട്ടിയാട്ടം സംബന്ധിച്ചുള്ള അധികാരം കോട്ടയം വാക്ക എന്ന സ്ഥാനികര്‍ക്കാണ് കോട്ടയം രാജാവ്‌ നല്‍കിയത് എന്ന്‌ പറയപ്പെടുന്നു. ഇവിടുത്തെ കളിയാട്ടത്തിന്റെ പ്രധാന ചടങ്ങുകള്‍, കോലധാരണം എന്നിവയ്ക്ക് ഇന്നും ഉത്തരവാദപ്പെട്ടവര് കോട്ടയം വാക്കയാണ്.

     തെയ്യക്കോലധാരികള്‍ക്കും മറ്റു സ്ഥാനികര്‍ക്കും 41 ദിവസത്തെ കഠിനവ്രതം ഉണ്ടായിരിക്കണമെന്ന്‌ ഇവിടുത്തെ പാരമ്പര്യം നിഷ്കര്‍ഷിക്കുന്നു. മദ്യം നേര്‍ച്ചയായിപോലും ഉപയോഗിക്കുകയില്ലെന്നുള്ളത് ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ ഇന്ന് ഊരാള സ്ഥാനത്തുള്ള ഭക്തജന സമിതിയുടെ സംഘാടകര്‍  10 ദിവസവും ഈ പ്രദേശത്തെ ഭക്തജനങ്ങള്‍ ഉത്സവ ദിവസങ്ങളിലും വ്രത ശുദ്ധിയോടെ കളിയാട്ട മഹോത്സവത്തില്‍ പങ്കെടുക്കണമെന്നും ചിട്ടയുണ്ട്. കളിയാട്ടത്തിന് ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള് പങ്കെടുക്കുന്നു എന്നതുകൂടാതെ ഈ പ്രദേശത്തുനിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോയവരും ഉത്സവ സമയത്ത് ഒത്തുകൂടാറുണ്ട്.